ന്യൂഡൽഹി: ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പ്രീതി സായ് പവാർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ ബോക്സർമാർ പ്രീ ക്വാർട്ടറിൽ ഇടം നേടി. 54 കിലോഗ്രാം വിഭാഗത്തിൽ കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ റൊമാനിയയുടെ ലക്രമിയോറ പെരിജോക്കിനെ പരാജയപ്പെടുത്തിയാണ് പ്രീതി സായ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. പ്രീക്വാർട്ടറിൽ തായ്ലൻഡിന്റെ ജുതാമാസ് ജിറ്റ്പോങ്ങിനെ നേരിടും.
48 കിലോഗ്രാം വിഭാഗത്തിൽ കോമൺ വെൽത്ത് ഗെയിംസ് ചാമ്പ്യൻ നിതു ഗൻഖാസ് ദക്ഷിണ കൊറിയയുടെ കാങ് ഡോ യോണിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും 22 കാരിയായ നിതുവിന്റെ നീക്കങ്ങൾ പിടിച്ചുനിർത്താൻ ദക്ഷിണ കൊറിയൻ താരത്തിന് കഴിഞ്ഞില്ല. ഇതോടെ മത്സരം അവസാനിപ്പിച്ചു. 66 കിലോഗ്രാം വിഭാഗത്തിൽ ന്യൂസിലൻഡിന്റെ കാര വരേറുവിനെ പരാജയപ്പെടുത്തി മഞ്ജുവും അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.