മലയാളികളുടെ ഭക്ഷണ പാരമ്പര്യത്തിൽ വലിയൊരു സ്ഥാനമുള്ള ഫലമാണ് ചക്ക. പോഷകസമ്പുഷ്ടമായ നിരവധി വിഭവങ്ങൾ ചക്ക ഉപയോഗിച്ച് നാം ഉണ്ടാക്കാറുണ്ട്. ശരീരത്തിന് അത്യന്താപേക്ഷിതമായ ജീവകങ്ങൾ നൽകുന്നതിൽ ചക്കക്കുരുവും നിർണായക പങ്ക് വഹിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ.
ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, വൈറ്റമിൻ എ, സി, സിങ്ക് എന്നിവ അടങ്ങിയ ചക്കക്കുരു മികച്ച രോഗപ്രതിരോധശേഷി നൽകുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയാൽ പടരുന്ന രോഗങ്ങളെയും, ഭക്ഷ്യവിഷബാധയെയും ചെറുക്കാൻ ഇതിന് കഴിവുണ്ട്. റൈബോഫ്ളേവിൻ എന്ന നാരുകളാൽ സമ്പന്നമായ ചക്കക്കുരു രക്തത്തിലെ ഗ്ലൂക്കോസിനെ സന്തുലിതപ്പെടുത്തുകയും, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. വൈറ്റമിൻ എയുടെ കലവറയായ ചക്കക്കുരു കണ്ണുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.
ചർമ്മത്തിലെ കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ ഇല്ലാതാക്കി മൃദുത്വവും, അകാല വാർദ്ധക്യവും തടയുന്നതിലുള്ള ചക്കക്കുരുവിന്റെ കഴിവ് എടുത്തു പറയേണ്ടിയിരിക്കുന്നു. സ്ത്രീ പുരുഷ വന്ധ്യതക്കും ഇത് ഫലപ്രദമാണ്. സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം വർധിപ്പിക്കാനും ചക്കക്കുരു സഹായിക്കും.