കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ 6 ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ടും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ജനങ്ങൾ ശ്വസിക്കാൻ പാടുപെടുമ്പോൾ സംവിധാനങ്ങൾ നോക്കുകുത്തിയാകുകയാണെന്നും സതീശൻ പറഞ്ഞു.
പ്രശ്നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നിഷ്ക്രിയമാണ്. ജില്ലാ ഭരണകൂടവും കാഴ്ചക്കാരായി ഇരിക്കുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും ആവശ്യമെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്ത് സംഭവിച്ചത് ഗുരുതരമായ പ്രശ്നമാണ്. എന്നാൽ ഒരു പ്രശ്നവുമില്ലെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. പക്ഷെ ആളുകൾക്ക് നടക്കാൻ പോലും കഴിയുന്നില്ല. രാവിലെ നടക്കാനിറങ്ങിയ ഹൈക്കോടതി ജഡ്ജിക്ക് പോലും ശ്വാസം മുട്ടുകയായിരുന്നു. സമീപ ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് പ്രശ്നം വഷളായി. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഉൾപ്പെടെ എല്ലാ വകുപ്പുകളും നിഷ്ക്രിയമാണ്. ഗുരുതരമായ സാഹചര്യം നേരിടാൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. ഈ തീ അണച്ചാലും അഴിമതിയുടെ തീ അണയുകയില്ല. പെട്രോൾ ഒഴിച്ചാണ് തീകൊളുത്തിയത്. ആശുപത്രികൾ പോലും പുകകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സംഭവം കേരളത്തിനാകെ അപമാനമാണ്. സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. സർക്കാരിന് വിഷയം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണമെന്നും സതീശൻ പറഞ്ഞു.