കോഴിക്കോട്: ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എമ്മിന്റെ അഭിപ്രായം പൊതുജനാഭിപ്രായമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുന്നണി മാറണമെന്ന് പലർക്കും അഭിപ്രായമുണ്ടെങ്കിലും യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി ശക്തിപ്പെട്ടാൽ അടുത്ത തവണ യു.ഡി.എഫിന് തന്നെ അധികാരം ലഭിക്കും. അധികാരമില്ലാത്ത സമയത്ത് ലീഗ് കൊടുങ്കാറ്റാണ്.
ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എമ്മിന്റെ അഭിപ്രായം പൊതുജനാഭിപ്രായമാണ്. ദേശീയ തലത്തിൽ ഇടതുപക്ഷം യു.പി.എയുടെ ഭാഗമാകണമെന്നും മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി സാദിഖലി തങ്ങൾ പറഞ്ഞു.