കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ പൊലീസ് വാഹനങ്ങൾക്ക് വിതരണം ചെയ്ത ഇന്ധനത്തിൽ ഒന്നരക്കോടിയോളം രൂപ പമ്പുടമകൾക്ക് നൽകാനുണ്ട്. 3 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്.
കുടിശ്ശികയുള്ളത് കാരണം പമ്പുകളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും പണം ലഭിച്ചില്ലെങ്കിൽ 15 മുതൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്നും ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. എട്ട് മാസത്തെ കുടിശ്ശികയുള്ള കുളത്തൂപ്പുഴയിൽ പമ്പുടമ ഇതിനകം പൊലീസിന് ഇന്ധനം നൽകുന്നത് നിർത്തി.
നേരത്തെ പമ്പുകൾക്ക് അതത് മാസങ്ങളിൽ പണം നൽകിയിരുന്നു. ലക്ഷങ്ങൾ കുടിശ്ശികയുള്ളതിനാൽ പുതിയ ലോഡ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ മുഖ്യ രക്ഷാധികാരി എസ്.മുരളീധരൻ, പ്രസിഡന്റ് മൈതാനം വിജയൻ, സെക്രട്ടറി വൈ.അഷ്റഫ്, ആൻഡ്രൂസ് ജോർജ്, സിനു പട്ടത്തുവിള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.