വാഷിങ്ടൻ: ഹോട്ടൽ അധികൃതർ പാസ്പോർട്ട് നശിപ്പിച്ചതിനെ തുടർന്ന് യുഎസിലെ ഹോട്ടലിൽ കുടുങ്ങി യുകെയിൽ നിന്നുള്ള 42 വിദ്യാർത്ഥികൾ. യുകെയിലെ വാൾസാലിലെ ബാർ ബീക്കണ്‍ സ്കൂളിൽ നിന്ന് സ്കീ ട്രിപ്പിന് പോയ വിദ്യാർത്ഥികൾ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ഹോട്ടലിൽ കുടുങ്ങുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ തങ്ങളുടെ പാസ്പോർട്ട് വലിച്ചുകീറിയതായി വിദ്യാർത്ഥികൾ ആരോപിച്ചു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഹോട്ടൽ മാനേജ്മെന്റിൻ്റെ വാദം.
ഇവർ ശനിയാഴ്ച യുകെയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ, അടിയന്തര രേഖകൾ ലഭിക്കുന്നതിന് ഇവർക്ക് നാല് ദിവസം കൂടി യുഎസിൽ താമസിക്കേണ്ടിവരും. അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്ത് കുട്ടികളെ തിരികെ കൊണ്ടുവരുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായും ബുധനാഴ്ചയോടെ കുട്ടികളെ തിരിച്ചെത്തിക്കുമെന്നും ബ്രിട്ടീഷ് എംബസി അറിയിച്ചു.