തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു. 25 വയസിന് മുകളിലുള്ളവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ ഇളവ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തികാടിസ്ഥാനത്തിൽ തരംതിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്. കൺസെഷന്റെ ഭാരം സ്വകാര്യ ബസുകളിൽ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ല. വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്നതിന് സ്വകാര്യ ബസുടമകൾ എതിരല്ല. എന്നാൽ നിരക്ക് വർദ്ധിപ്പിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് യാത്രാ ഇളവ് ഉണ്ടാകില്ല. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യ യാത്ര ഒരുക്കും. 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇളവ് നൽകില്ല. 2016 മുതൽ 2020 വരെ 966.51 കോടി രൂപയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.