ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭയപ്പെടുത്തിയ രോഗാണു ആയിരുന്നു കൊറോണ വൈറസ്. പ്രതിരോധത്തിനായി ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണും ഉൾപ്പെടെ എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടും കൊറോണ വൈറസ് ഓരോ നിമിഷവും എണ്ണമറ്റ മനുഷ്യ ജീവനുകൾ അപഹരിച്ചു. ഇന്നും മനുഷ്യൻ കൊവിഡ് ഭീതിയിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏകദേശം 67 ലക്ഷത്തോളം പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്. ഈ വൈറസ് എവിടെ നിന്ന് വന്നു എന്ന ചോദ്യം കൊവിഡിന്റെ തുടക്കം മുതൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ചൈനയ്ക്ക് നേരെയാണ് വിരൽ ചൂണ്ടിയിട്ടുള്ളത്.
കോവിഡ് -19 വൈറസിന്റെ ഉത്ഭവം ചൈനയിൽ നിന്നാണെന്ന് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, യുഎസ് ഊർജ്ജ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ലായിരുന്നു. എന്നാൽ 6.7 ദശലക്ഷം ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ് -19 വൈറസ് ചൈനയുടെ ലബോറട്ടറിയിൽ നിന്ന് അബദ്ധത്തിൽ പുറത്ത് വന്നതാകാമെന്ന് യുഎസ് രഹസ്യ രേഖ സൂചിപ്പിക്കുന്നു എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. യുഎസ് ഊർജ്ജ വകുപ്പിന്റെ രഹസ്യ രേഖയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. വാൾ സ്ട്രീറ്റ് ജേണലാണ് ഈ രേഖയുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ചത്. ലഭ്യമായ നിരവധി ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്തും ഗവേഷണം നടത്തിയും ഊർജ വകുപ്പ് എത്തിച്ചേർന്ന നിഗമനം അതിപ്രധാനമാണെന്ന് വാൾ സ്ട്രീറ്റ് ജേണലിൽ പറയുന്നു.