തൃശൂർ: തൃശൂർ ഉത്രാളിക്കാവിൽ വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി എട്ട് മണിയോടെ പറപ്പുറപ്പാടിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിനാണ് അനുമതി നൽകിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, സിറ്റി പോലീസ് കമ്മീഷണർ, എ.ഡി.എം, ഉത്രാളിക്കാവ് ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് ആഘോഷ സമിതി ഭാരവാഹികൾ യോഗത്തിൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. വെടിമരുന്ന് സംഭരിക്കാനുള്ള സംവിധാനം തയ്യാറാണെന്ന് ആഘോഷ സമിതി യോഗത്തിൽ അറിയിച്ചു. സുരക്ഷ ഒരുക്കാൻ പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.