വുഹാന്‍: മെഡിക്കൽ ആനുകൂല്യങ്ങൾ വൻ തോതിൽ വെട്ടിക്കുറച്ചതിൽ ചൈനയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ച് വയോധികർ. ബുധനാഴ്ചയാണ് വിവിധ സേവനങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർ വുഹാനിലെ തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. വുഹാന്‍ പുറമെ വടക്കുകിഴക്കൻ ചൈനീസ് നഗരമായ ഡാലിയനിലും പ്രതിഷേധം നടന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള പ്രതിഷേധം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ കടുത്ത സമ്മർദ്ദത്തിലാക്കിയതായാണ് റിപ്പോർട്ടുകൾ.
വിരമിച്ചവർക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന മെഡിക്കൽ ചെലവുകളുടെ പരിധി സർക്കാർ കുറച്ചതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചതിനെ തുടർന്നാണ് ഫെബ്രുവരി 8 ന് പ്രതിഷേധം ആരംഭിച്ചത്. ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ആരോപിച്ചാണ് വുഹാനിലെ വയോധികർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആരോഗ്യ ഇൻഷുറൻസ് സംവിധാനം പ്രവിശ്യാ തലത്തിൽ കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് ഉയർന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നേരത്തെ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് ചൈനയുടെ സീറോ കോവിഡ് നയം പരിഷ്കരിക്കാൻ ചൈനീസ് സർക്കാർ നിർബന്ധിതരായിരുന്നു. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഇത്. കോവിഡ് നയം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി യുവാക്കൾ തെരുവിലിറങ്ങിയതിനെ തുടർന്നായിരുന്നു തീരുമാനം.
കോവിഡ് തരംഗത്തിനു ശേഷം രാജ്യത്തെ മുതിർന്ന പൗരൻമാരുടെ ആരോഗ്യ, മെഡിക്കൽ പരിരക്ഷയിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് തരംഗത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ വലിയൊരു പങ്കും പ്രായമായവരാണ്. ക്ലെയിമുകൾ അനുവദിക്കുന്നതിലൂടെ, മെഡിക്കൽ പരിരക്ഷ നിലനിൽക്കുന്നതിനാൽ മെഡിക്കൽ ചെലവുകൾക്കായി സർക്കാരിനു വലിയ തുക നൽകേണ്ടിവന്നു. എന്നിരുന്നാലും, വുഹാനിലും മറ്റിടങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് അധികൃതർ പറയുന്നത്.