തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ അടുത്ത ദിവസങ്ങളിൽ തന്നെ തുടർചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന് വിവരം. ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിലാണിത്. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും യു ഡി എഫ് കൺവീനർ എം എം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തി ഉമ്മൻ ചാണ്ടിയെ കണ്ടു.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവാദം നടക്കുന്നതിനിടെ ആയിരുന്നു സന്ദർശനം. ഉമ്മൻ ചാണ്ടിയെ കാണാൻ ഇടയ്ക്കിടെ വരാറുണ്ടെന്നായിരുന്നു സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞത്. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കാണുന്നതുപോലെ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ആന്റണി പറഞ്ഞു. വിവാദ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
അതേസമയം ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിയെ കുടുംബം ശക്തമായി എതിർക്കുകയാണ്. അലക്സ് വി ചാണ്ടിയുടെ പ്രസ്താവനകളോട് അച്ഛന്റെ സഹോദരനോട് മറുപടി പറയാൻ താനില്ലെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.