തിരുവനന്തപുരം: കോവളത്ത് ബൈക്ക് റേസിങ്ങിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബൈക്ക് യാത്രികനും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്. തിരുവല്ലം-കോവളം ബൈപ്പാസിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വഴിയാത്രക്കാരിയായ യുവതി ബൈക്കിടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയിൽ കോളനിയിലെ സന്ധ്യ (54) ആണ് മരിച്ചത്. റേസിങ്ങിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സന്ധ്യയെ ബൈക്കിടിക്കുകയായിരുന്നു.
അതേസമയം, റേസിങ്ങിനിടെയാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. അപകടത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പ്രത്യേകം അന്വേഷിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി പ്രദേശത്ത് റേസിങ് നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.