ടൂറിന്: കളിക്കാരുടെ കൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെതിരെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (ഐടിഎഫ്എഫ്) നടപടി സ്വീകരിച്ചു. ഇറ്റാലിയൻ ലീഗിന്റെ നടപ്പുസീസണിൽ ടീമിന്റെ 15 പോയിന്റ് കുറച്ചാണ് നടപടി. ക്ലബ്ബിന്റെ ബോർഡ് അംഗങ്ങൾക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികളും ഉണ്ട്.
കളിക്കാരുടെ മൂല്യം പെരുപ്പിച്ച് കാട്ടിയെന്നും തെറ്റായ വിവരങ്ങൾ അധികൃതർക്ക് നൽകുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇറ്റാലിയൻ ഫെഡറേഷൻ നടപടി സ്വീകരിച്ചത്. നിലവിലെ സീരി എ സീസണിൽ ക്ലബിന്റെ 15 പോയിന്റ് വെട്ടി കുറച്ചതോടെ ടീം പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു ടീം. 18 കളികളിൽ നിന്ന് 22 പോയന്റാണ് നിലവിൽ യുവന്റസിനുള്ളത്.
ടോട്ടനം ഹോട്സ്പറിന്റെ ട്രാൻസ്ഫർ മേധാവിയും മുൻ യുവന്റസ് സ്പോർട്ടിംഗ് ഡയറക്ടറുമായ ഫാബിയോ പരാടിസിക്ക് ഇറ്റാലിയൻ ഫുട്ബോളിൽ നിന്ന് 30 മാസത്തേക്കാണ് വിലക്ക്. യുവന്റസ് മുൻ ചെയർമാൻ ആൻഡ്രിയ അഗ്നെല്ലിയെ 24 മാസത്തേക്കും നിലവിലെ സ്പോർട്ടിംഗ് ഡയറക്ടർ ഫെഡറികോ ചെറുബിനിയെ 16 മാസത്തേക്കുമാണ് വിലക്കിയത്.