ന്യൂഡല്ഹി: മധ്യവർഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന. ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മോദി സർക്കാർ ഇതുവരെ ഒരു ബജറ്റിലും മധ്യവർഗത്തിന്റെ മേൽ പുതിയ നികുതി ഭാരം ചുമത്തിയിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. മധ്യവർഗം അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് മോദി സർക്കാർ ആദായനികുതി ഏർപ്പെടുത്തിയിട്ടില്ല. പുതിയ നികുതികളൊന്നും ഇവരുടെ മേൽ വരില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇടത്തരക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ 27 നഗരങ്ങളിൽ മെട്രോ റെയിൽ സർവീസുകൾ ആരംഭിച്ചത്. 100 സ്മാർട്ട് സിറ്റികളുടെ വികസനത്തിന് ആവശ്യമായ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ആളുകൾക്ക് ജോലി ചെയ്യാനും സംരംഭങ്ങൾ ആരംഭിക്കാനും നഗരങ്ങളിലേക്ക് കുടിയേറാനും സൗകര്യമൊരുക്കുന്നതിനാണിത്. സാധാരണക്കാരന്റെ പോക്കറ്റിലേക്ക് നേരിട്ട് പണം എത്തിക്കാനല്ല ഇത് ഉദ്ദേശിക്കുന്നത്. സ്മാർട്ട് സിറ്റികൾ, മെട്രോ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ അവർക്ക് ഗുണം ചെയ്യും.
രാഷ്ട്രീയ പാർട്ടികൾ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണം. ഓരോ സംസ്ഥാനത്തിന്റെയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി നൽകാവൂ. 2013 ൽ ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യ. 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറിയെന്നും ധനമന്ത്രി അവകാശപ്പെട്ടു.