കൊല്ലം: ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പാലിൽ മായം ഇല്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തള്ളി. ക്ഷീരവികസന വകുപ്പിന്റെ പരിശോധനാ ഫലം കൃത്യമാണ്. ആറ് മണിക്കൂറിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ലെന്നും പരിശോധനാ റിപ്പോർട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പന്തളം ഇടപ്പോണിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലിലാണ് ബുധനാഴ്ച പുലർച്ചെ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയില്ല. അഞ്ച് മണിക്കൂറിന് ശേഷം സാമ്പിൾ പരിശോധിച്ചതാണ് മായം കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്ന് ക്ഷീരവികസന വകുപ്പ് പറയുന്നു.
പാലിൽ മായം കലർന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ക്ഷീരവികസന വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചെങ്കിലും എത്തിയപ്പോഴേക്കും നാലുമണിക്കൂർ വൈകിയിരുന്നു. ആര്യങ്കാവിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും വീണ്ടും 5 മണിക്കൂർ വൈകിയിരുന്നു. ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ വൈകിയതാണ് കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്നാണ് ക്ഷീരവികസന വകുപ്പിന്റെ വാദം. പാൽ കൂടുതൽ നേരം കേടുകൂടാതെ സൂക്ഷിക്കാനാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.