ആലപ്പുഴ: നഗ്നദൃശ്യ വിവാദത്തിൽ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ടംഗ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. പാർട്ടിയിലെ സഹപ്രവർത്തകരുടെ ഉൾപ്പെടെ നഗ്നചിത്രങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടി വൈകിയതോടെ വിഷയം പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായി. ഇതിനിടയിലാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പാർട്ടി അംഗങ്ങളുടെ ഭാര്യമാർ ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. എന്നാൽ ആരും പൊലീസിൽ പരാതി നൽകിയില്ല, അവർ പാർട്ടിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ഉടൻ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടി വൈകുന്നത് വൻ വിവാദത്തിന് വഴിവച്ചിരുന്നു. ഇതേതുടർന്നാണ് പാർട്ടി ഇപ്പോൾ സോണയെ പുറത്താക്കിയത്.