തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം നടത്താമെന്ന സി.പി.എമ്മിന്റെ നയരേഖയിൽ സി.പി.ഐക്കും ജനതാദളിനും അഭിപ്രായവ്യത്യാസം. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഇരുപാർട്ടികളുടെയും നേതാക്കൾ ഇടതുമുന്നണി യോഗത്തിൽ പങ്കുവച്ചു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സ്വാശ്രയ സമരകാലം അനുസ്മരിച്ചപ്പോൾ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെ ന്യായീകരണം മറ്റൊന്നായിരുന്നു. ലോകം മാറുന്നതിനനുസരിച്ച് കേരളത്തിലും മാറ്റം വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കാലോചിതമായ മാറ്റം’ എന്ന വാചകത്തോടെയാണ് ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ നയമാറ്റത്തെ വിശേഷിപ്പിച്ചത്.
എന്നാൽ ഘടകകക്ഷികൾക്ക് ആശങ്ക മാറിയില്ല. വിദേശനിക്ഷേപം വരുമ്പോൾ അതിന് പിന്നിൽ കാണാച്ചരടുകൾ ഒളിഞ്ഞിരിക്കുമെന്ന് സി.പി.ഐയും ജനതാദളും ചൂണ്ടിക്കാട്ടി. സാമൂഹ്യനീതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിക്ഷേപകർക്കില്ലാത്തതിനാൽ അതിന്റെ ആവശ്യമുണ്ടോ എന്ന സംശയം മുന്നണി യോഗത്തിൽ സി.പി.ഐയും ജനതാദളും ഉന്നയിച്ചു.