ന്യൂഡല്‍ഹി: ഉദുമ പീഡനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഹർജി തള്ളിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, കേസിലെ ചില വസ്തുതകൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ചു.
പെൺകുട്ടി ബലാത്സംഗത്തിനിരയായ ദിവസങ്ങളിൽ പ്രതികൾ വിദേശത്തായിരുന്നുവെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിൽ പറയുന്നതായി പ്രതികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, മുകുന്ദ് പി.ഉണ്ണി എന്നിവർ വാദിച്ചു. എന്നാൽ, പെൺകുട്ടിയുടെ രഹസ്യമൊഴിയിൽ ബലാത്സംഗത്തിന്റെ തീയതികൾ പരാമർശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്തിരുന്ന് പെൺകുട്ടിയെ പ്രതികൾ ബ്ലാക്ക്മെയിൽ ചെയ്തത് ഗുരുതരമായ സംഭവമാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് ഞെട്ടിക്കുന്നതാണെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കർ കോടതിയെ അറിയിച്ചു.