കോട്ടയം: വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ നിർദേശം. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ അടച്ചിടാനാണ് ജില്ലാ കളക്ടറുടെ നിർദേശം. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണിത്.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരെ ഉന്നയിച്ച ജാതിവിവേചന ആരോപണങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം പരിഗണിച്ച് ഡയറക്ടർ ശങ്കർ മോഹൻ നേരത്തെ നിയോഗിച്ച കമ്മിഷന് മുമ്പാകെ ഹാജരായിരുന്നില്ല.
ജനുവരി എട്ട് വരെ സ്ഥാപനം അടച്ചിടാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാലാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. വിദ്യാർത്ഥികൾ മാത്രമല്ല, ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും ഡയറക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഡയറക്ടറുടെ വീട്ടിലെ ശുചിമുറി കഴുകാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയമിച്ചതായി പരാതിയിൽ പറയുന്നു. വനിതാ ജീവനക്കാർ കുളിച്ച് വസ്ത്രം മാറിയ ശേഷം മാത്രമേ വീട്ടിൽ പ്രവേശിക്കാവൂ എന്ന് ഡയറക്ടർ നിർദ്ദേശം നൽകിയെന്ന ഗുരുതരമായ പരാതി ഉയർന്നിട്ടും ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല.