വയനാട്: ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കു വെടിവെക്കാനുള്ള ഉത്തരവ് വൈകുന്നതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി മന്ത്രി എ കെ ശശീന്ദ്രൻ. ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരമൊരു നിലപാട് സ്വീകാര്യമല്ലെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. ബത്തേരിയിൽ കാട്ടാനയുടെ പ്രവേശനം കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം
ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കാട്ടാനയെ ഉടൻ പിടികൂടാൻ വനംമന്ത്രി നിർദേശം നൽകിയിട്ടും ഗംഗാ സിംഗ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. കാട്ടാനയെ പിടികൂടാനുള്ള ഉത്തരവ് വൈകുന്നതിൽ ഇന്നലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് വനംവകുപ്പ് ഓഫീസ് ഉപരോധിച്ചത്. ഇതേതുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗിനു സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.