ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ (എക്സ്പോ 2023 ദോഹ) 80 രാജ്യങ്ങളുടെ പങ്കാളിത്തം. പ്രതീക്ഷിക്കുന്നത് 30 ലക്ഷം സന്ദർശകരെ. 2024 ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ ദോഹ കോർണിഷിലെ അൽ ബിദ പാർക്കിലാണ് എക്സ്പോ നടക്കുക.
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ നടക്കുന്ന എക്സ്പോയിൽ 80 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കമ്പനികളും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കും. കാർഷിക മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകളും പരിഹാരങ്ങളും എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് എക്സ്പോ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക്സ് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അലി അൽ ഖൗരി പറഞ്ഞു.
ഖത്തർ സർവകലാശാല, ഹമദ് ബിൻ ഖലീഫ സർവകലാശാല, ഖത്തർ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ ഖത്തറിലെ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെയും സർവകലാശാലകളുടെയും പങ്കാളിത്തവുമുണ്ട്. കാർഷിക മേഖലയിലും ഭൂപ്രകൃതിയിലും ഉൾപ്പെടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾ സർവകലാശാലകൾ അവതരിപ്പിക്കും. ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്പോയുടെ ഭാഗമായി നിരവധി പരിപാടികളും നടക്കും.