തിരുവനന്തപുരം: ഖത്തർ എയർവേയ്സ് തിരുവനന്തപുരം-ദോഹ സെക്ടറിൽ ഡ്രീംലൈനർ സർവീസ് ആരംഭിച്ചു. നിലവിലുള്ള എ-320 എന്ന വിമാനത്തിനു പകരമായി ആഴ്ചയിൽ രണ്ട് ദിവസം ബി-787 സീരീസ് ഡ്രീംലൈനർ വിമാനം സർവീസ് നടത്തും. എ-320 യുമായി താരതമ്യപ്പെടുത്തുമ്പോൾ സീറ്റുകളുടെ എണ്ണം 160 ൽ നിന്ന് 254 ആയി ഉയരും.
ബിസിനസ് ക്ലാസിൽ മാത്രം 22 സീറ്റുകളുണ്ടാകും. ആദ്യ ഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് ഡ്രീംലൈനർ സർവീസ് നടത്തുക. മറ്റ് അഞ്ച് ദിവസങ്ങളിലും എ-320 വിമാനവുമായുള്ള സർവീസ് ഇപ്പോഴുള്ളതുപോലെ തുടരും. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനർ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഡ്രീംലൈൻ വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് ഗൾഫിലേക്കും യൂറോപ്പ്, അമേരിക്ക ഉൾപ്പെടെയുള്ള മേഖലകളിലേക്കും കൂടുതൽ യാത്രാസൗകര്യങ്ങൾ ലഭ്യമാകും.