റണ്ണൊഴുകിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി പഞ്ചാബ് കിംഗ്സ്. 13 റൺസിനാണ് പഞ്ചാബിൻ്റെ ജയം. പഞ്ചാബ് മുന്നോട്ടുവച്ച 215 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 201 റൺസ് നേടാനേ സാധിച്ചുള്ളൂ. 42 പന്തിൽ 67 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി അർഷ്ദീപ് സിംഗ് 4 വിക്കറ്റ് വീഴ്ത്തി.
ഇഷാൻ കിഷനെ (1) വേഗം നഷ്ടമായെങ്കിലും രോഹിത് ശർമയും കാമറൂൺ ഗ്രീനും ചേർന്ന് മുംബൈയ്ക്ക് തകർപ്പൻ തുടക്കം നൽകി. 76 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 27 പന്തിൽ 44 റൺസ് നേടിയ രോഹിതിനെ പുറത്താക്കിയ ലിയാം ലിവിങ്ങ്സ്റ്റൺ ഈ കൂട്ടുകെട്ട് പൊളിച്ചു. മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് പക്ഷേ, ക്രീസിലെത്തിയതു മുതൽ ആക്രമിച്ചുകളിച്ചു. രോഹിത് പുറത്തായതിനു പിന്നാലെ ഗ്രീനിൻ്റെ സ്ട്രൈക്ക് റേറ്റ് താഴ്ന്നെങ്കിലും തകർപ്പൻ ഷോട്ടുകളിലൂടെ സൂര്യ മുംബൈയുടെ കൈപിടിച്ചു. 37 പന്തിൽ ഗ്രീൻ ഫിഫ്റ്റി തികച്ചു. സൂര്യയുമൊത്ത് 75 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിലാണ് ഗ്രീൻ മടങ്ങിയത്.
ഗ്രീൻ മടങ്ങിയിട്ടും ആക്രമണം തുടർന്ന സൂര്യ 23 പന്തിൽ ഫിഫ്റ്റി തികച്ചു. സൂര്യയുടെ ചിറകിലേറി മുംബൈ കുതിയ്ക്കവേ അർഷ്ദീപ് സിംഗിൻ്റെ മാസ്റ്റർ സ്ട്രോക്ക്. 18ആം ഓവറിൽ സൂര്യ പുറത്ത് 26 പന്തിൽ 57 റൺസ് നേടിയാണ് സൂര്യ മടങ്ങിയത്. അവസാന ഓവറുകളിൽ ടിം ഡേവിഡ് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ 16 റൺസ് ആയിരുന്നു വിജയലക്ഷ്യം. പന്തെറിയാനെത്തിയത് അർഷ്ദീപ് സിംഗ്. ഓവറിൽ വെറും 2 റൺസ് മാത്രം വിട്ടുനൽകിയ അർഷ്ദീപ് 2 വിക്കറ്റ് വീഴ്ത്തി. തിലക് വർമ (3), നേഹൽ വധേര (0) എന്നിവരെയാണ് അർഷ്ദീപ് പുറത്താക്കിയത്. ടിം ഡേവിഡ് (13 പന്തിൽ 25) നോട്ടൗട്ടാണ്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 214 റൺസ് നേടിയത്. 29 പന്തുകളിൽ 55 റൺസ് നേടിയ സാം കറൻ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി പീയുഷ് ചൗള 2 വിക്കറ്റ് വീഴ്ത്തി.