മനാമ: സായിദ് ടൗൺ നടപ്പാത ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാൽ ബിൻ നാസർ അൽ മുബാറക്, ദക്ഷിണ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി അൽ ഖലീഫ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കായികവും ശാരീരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ബഹ്റൈനിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഇത്. ബഹ്റൈൻ സംസ്കാരത്തിൻ്റെ പ്രധാന ഘടകമായി സ്പോർട്സിനെ ഉൾപ്പെടുത്തുക എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടുമായി യോജിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം ഉപപ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ബഹ്റൈൻ കായിക ദിനത്തിൽ മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം സംഘടിപ്പിച്ച വാക്കിംഗ് പരിപാടിയിലും ഉപപ്രധാനമന്ത്രി പങ്കെടുത്തു. നഗരങ്ങളിലും പാർപ്പിട പരിസരങ്ങളിലും കൂടുതൽ തുറസ്സായ ഇടങ്ങൾ സ്ഥാപിക്കുന്നതും അതുപോലെ നടത്തത്തിനും സൈക്കിൾ സവാരിക്കും പ്രത്യേക പാതകൾ അനുവദിക്കുന്നതും പൊതുജനാരോഗ്യവും ശാരീരിക ക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.