മെക്ക: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ശ്രമങ്ങൾ നടത്തുകയാണെന്ന് പ്രമുഖ വ്യവസായി യൂസഫ് അലി. മെക്കയിൽ വച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്.ദൈവത്തിന് മുന്നിൽ പണ്ഡിതനും പാമരനും തുല്യരാണ്. നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാട് ആളുകൾ ശ്രമിക്കുന്നുണ്ട്. ഞാനും അതിന് വേണ്ടി പരിശ്രമിക്കുകയാണ്. അതിൽ ഏതെങ്കിലും ഒന്ന് വിജയിക്കണമെന്നാണ് പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ നിലവിൽ യെമനിലെ ജയിലിലാണ്. 50 മില്യൺ യെമൻ റിയാലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ തുകയിൽ അത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നിമിഷപ്രിയയുടെ കുടുംബവും സ്നേഹിതരും.ഇതിന് മുമ്പും യൂസഫ് അലി വധശിക്ഷയ്ക്ക് വിധിച്ച മലയാളിയുടെ രക്ഷകനായി എത്തിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ ബെക്സ് കൃഷ്ണയെയാണ് കഴിഞ്ഞ വർഷം സമാനരീതിയിൽ അദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു.
അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറയായിരിക്കെ ബെക്സിന്റെ വാഹനമിടിച്ച് സുഡാനി ബാലൻ കൊല്ലപ്പെട്ടിരുന്നു.തുടർന്ന് ബെക്സ് കൃഷ്ണന് വധശിക്ഷ വിധിച്ചിരുന്നു. സുഡാനി ബാലന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരമായി നൽകിയാണ് ബെക്സിനെ യൂസഫ് അലി തിരികെ നാട്ടിലേക്ക് എത്തിച്ചത്.