കോഴിക്കോട്: ഉരുള്‍പൊട്ടലിനു പിന്നാലെ വയനാട് തുരങ്കപാതയ്ക്കെതിരെ ആശങ്കയുയര്‍ത്തി പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടും പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുതന്നെ എന്നു വ്യക്തമാക്കി ബജറ്റ്.
വയനാട് തുരങ്ക പാതയ്ക്കായി 2,134 കോടി രൂപയാണ് ഇത്തവണയും സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്ന് തുടങ്ങി മേപ്പാടി കള്ളാടിയില്‍ അവസാനിക്കുന്ന തരത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. കള്ളാടിക്കു സമീപത്താണ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയും മുണ്ടക്കൈയും. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ തുരങ്കം പണിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടായേക്കുമെന്ന് പ്രതിപക്ഷമുള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍.
പദ്ധതിക്ക് 2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നേരത്തെ തന്നെ സര്‍ക്കാര്‍ നല്‍കിയതാണ്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പിന്റെ സ്റ്റേജ്- 1 ക്ലിയറന്‍സ് ലഭിച്ചു. സ്റ്റേജ്- 2 ക്ലിയറന്‍സിനായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിവര്‍ത്തനം ചെയ്യാനുള്ള നടപടികളും പൂര്‍ത്തിയായി. പദ്ധതിക്കായി കോഴിക്കോട് ജില്ലയില്‍ 8.025 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട്ടില്‍ 8.12 ഹെക്ടര്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു കൈമാറി. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി വയനാട്, കോഴിക്കോട് ജില്ലകളില്‍ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു.
ടണല്‍ പാതയുടെ പ്രവൃത്തി രണ്ടു പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മാണം രണ്ടാമത്തെ പാക്കേജിലുമാണ് ടെന്‍ഡര്‍ ചെയ്തത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷമാണ് പാക്കേജ് രണ്ടിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത്. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറയ്ക്കു നിര്‍മാണം ആരംഭിക്കാനാണ് നീക്കം.
എന്നാല്‍ തുരങ്കപാതാ നിര്‍മാണം വലിയ ദുരന്തത്തിനു വഴിവെക്കുമെന്നാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്. തുരങ്കപാതയുമായി മുന്നോട്ടുപോയാല്‍ നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അടക്കമുള്ള പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Trending
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി