
പാലക്കാട്: വടക്കഞ്ചേരിക്കു സമീപം കണ്ണമ്പ്ര പൂത്തറയില്‍ സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി 8 പേര്‍ക്ക് പരിക്കേറ്റു.
ഒരു വീടിന്റെ നിര്‍മാണപ്രവൃത്തി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ഞപ്രയിലെ ജോലിക്കു ശേഷം പുളിങ്കൂട്ടം റോഡില്‍ ബസ് കാത്തുനില്ക്കുകയായിരുന്നു സ്ത്രീകള്‍.
കാറോടിച്ചയാളെയും അപകടമുണ്ടാക്കിയ കാറും വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
