ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊറോണ ആശുപത്രിയായ സര്‍ദാര്‍ പട്ടേല്‍ കൊറോണ കെയര്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റൽ (എസ്പിസിസിഎച്ച്) രാധ സോമി സത്സംഗ് ബിയാസിൽ പ്രവര്‍ത്തനമാരംഭിച്ചു. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പൂർണ്ണ പിന്തുണയോടെ 10 ദിവസം കൊണ്ടാണ് ഡല്‍ഹി ജില്ലാ ഭരണകൂടം ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആശുപത്രിയില്‍ 10,000 കിടക്കകളാണുള്ളത്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളെയും രോഗബാധ ഗുരുതരമല്ലാത്തവരെയും ഇവിടെ ചികിത്സയ്ക്കും. ഇവിടെത്തെ 10 ശതമാനം ബെഡുകള്‍ ഓക്സിജന്‍ സൗകര്യമുള്ളതാണ്. ദീൻ ദയാൽ ഉപാധ്യായ ആശുപത്രി, മദൻ മോഹൻ മാൽവിയ ആശുപത്രി എന്നിവയുമായി എസ്.പി.സി.സി.എച്ച് ബന്ധിപ്പിച്ചിരിക്കുന്നു.
170 ഡോക്ടർമാർ / സ്പെഷ്യലിസ്റ്റുകൾ, 700 ലധികം നഴ്സുമാർ, പാരാമെഡിക്കൽ വിദഗ്ധർ എന്നിവരുമായി ഐടിബിപി നിലവിൽ 2,000 കിടക്കകൾ പ്രവർത്തിപ്പിക്കും. ഒരേസമയം 10000 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്. 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററില്‍ 50 കിടക്കകള്‍ വീതമുള്ള 200 വിഭാഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങളായ കിടക്കകൾ, മെത്ത, ലിനൻ മുതലായവ വിവിധ സിവിൽ സൊസൈറ്റി സംഘടനകളും സർക്കാരിതര സംഘടനകളും സംഭാവന ചെയ്തിട്ടുണ്ട്. ഒരു ലൈബ്രറി, ബോർഡ് ഗെയിമുകൾ, സ്കിപ്പിംഗ് റോപ്പ് തുടങ്ങി രോഗികൾക്ക് സമ്മർദ്ദ രഹിതവും മനസുഖവും നൽകുന്ന ഒരു വിനോദ കേന്ദ്രവും ലഭ്യമാക്കിയിട്ടുണ്ട്.