ന്യൂഡൽഹി: ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ നിതു ഗൻഖാസ്. ഏഷ്യൻ ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മംഗോളിയയുടെ ലുട്സിക്കാൻ അൽറ്റെൻസെഗിനെയാണ് 48 കിലോ വിഭാഗത്തിൽ നിതു തോൽപിച്ചത്. 2023 ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്.
ഫൈനലിൽ മംഗോളിയൻ താരത്തിന് മേൽ പൂർണ ആധിപത്യം ഉറപ്പിച്ചായിരുന്നു നിതുവിന്റെ വിജയം. സ്കോർ: 5–0. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി നിതു മാറി. മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി ആർ.എൽ, ലേഖ കെ.സി, നിഖാത് സരിൻ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചവർ. മറ്റുള്ളവരെല്ലാം ഒരു തവണയും മേരി കോം ആറ് തവണയും സ്വർണം നേടിയിട്ടുണ്ട്.