കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതിക്ക് പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തുക. ഇതിനായി റഷ്യൻ ഭാഷ അറിയാവുന്നവരുടെ സഹായം അടിയന്തരമായി തേടണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാച്ചുണ്ട് പൊലീസെത്തിയാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്നാണ് യുവതി കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് വിവരം. കൈയിൽ മുറിവുണ്ടാക്കിയ പാടുണ്ട്.
യുവതി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആൺസുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.