മനാമ: വിൻഫീൽഡ് റൈസിങ് സ്കൂളും ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടും ചേർന്ന് മോട്ടോസ്പോട്ട് പരിശീലന സ്കൂൾ ബഹ്റൈനിൽ ആരംഭിച്ചു. ബി.ഐ.സിൽ നടന്ന മോട്ടോസ്പോട്ട് മത്സരങ്ങൾക്കിടെയായിരുന്നു സ്കൂളിന്റെ പ്രഖ്യാപനം. മോട്ടോസ്പോട്ടിൽ കഴിവുള്ള മിഡിൽ ഈസ്റ്റിലെയും ഏഷ്യാ പസഫിക് മേഖലകളിലെയും യുവ പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും വിലയിരുത്താനുമാണ് സ്കൂളിന്റെ ലക്ഷ്യം. റേസിങ് താരങ്ങളെ വളർത്തിയെടുക്കുന്നതിന് പ്രശസ്തി നേടിയ ഫ്രഞ്ച് സ്ഥാപനമായ വിൻഫീൽഡ് റൈസിങ് സ്കൂൾ മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ആദ്യസ്ഥാപനമാണ് ബഹ്റൈനിൽ ആരംഭിച്ചത്.
മോട്ടോസ്പോട്ട് പരിശീലന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന വിൻഫീൽഡ് റൈസിങ് സ്കൂളിന് യൂറോപ്പിൽ വലിയ രീതിയിലുള്ള പ്രശസ്തിയുണ്ട്. 1960 മുതൽ 1990 വരെയുള്ള കാലയളവിൽ മാത്രം 30ൽപരം ഫോർമുല വൺ ഡ്രൈവർമാരെ സൃഷ്ടിച്ചെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിൽ 10 ഗ്രാൻഡ് പ്രിക്സ് ജേതാക്കളും രണ്ട് ലോക ചാമ്പ്യന്മാരുമടങ്ങുന്നു എന്നത് സ്കൂളിന്റെ പ്രശസ്തി ഉയർത്തുന്നു. ഈ വർഷം ബഹ്റൈൻ ഗ്രാൻഡ് പ്രിക്സിന്റെ 20ാം വാർഷികം ആഘോഷിക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന് മോട്ടോർസ്പോർട്സ് രംഗത്ത് മിഡിൽ ഈസ്റ്റിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വിൻഫീൽഡ് റേസിങ് സ്കൂളുമായി ചേർന്ന് തൽപരരായ യുവ ഡ്രൈവർമാരെ കണ്ടെത്തി മോട്ടോർസ്പോട്ട് പ്രഫഷനുകളാക്കുക എന്നത് ഈരംഗത്തെ വളർച്ചക്കായുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ്. കഴിവുള്ള യുവ ഡ്രൈവർമാരെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെ ഞങ്ങളുടെ പ്രാഥമിക ദൗത്യം. ലോകെത്തെവിടെയുമുള്ള മോട്ടോസ്പോട്ട് വിദ്യാർഥികളുമായി തങ്ങളുടെ വൈദഗ്ധ്യം പങ്കിടുന്നതിൽ സ്കൂളിന് സന്തോഷമുള്ള കാര്യമാണ്.
യൂറോപ്പിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്താൻ ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ബി.ഐ.സിയുടെ ഇടപെടലുകളാണ് ഞങ്ങളെ യൂറോപ്പിന് പുറത്തേക്ക് പരിശീലന കേന്ദ്രങ്ങളാരംഭിക്കാൻ ചിന്തിപ്പിച്ചതെന്നും വിൻഫീൽഡ് മാനേജിങ് ഡയറക്ടർ ഫ്രെഡറിക് ഗാർസിയ പറഞ്ഞു.
വിൻഫീൽഡുമായുള്ള പങ്കാളിത്തത്തിലൂടെ യുവ ഡ്രൈവർമാരെ പരിപോഷിപ്പിക്കുന്നത് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന്റെ പുരോഗതിയായി കാണുന്നു. വൈവിധ്യമാർന്ന മോട്ടോർസ്പോർട്ട് സംവിധാനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന സൗകര്യങ്ങൾ ഞങ്ങളുടെ സർക്യൂട്ടിനുണ്ട്. വിൻഫീൽഡിന്റെ പിന്തുണയോടെ, കായികരംഗത്തെ യുവ ഡ്രൈവർമാരുടെ വളർച്ചകളെ ഞങ്ങൾ പൂർണതോതിൽ പിന്തുണക്കുമെന്നും വിൻഫീൽഡുമായി സഹകരിക്കുന്നതിൽ സന്തോഷമാണെന്നും ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് ചീഫ് കൊമോഴ്സ്യൽ ഓഫിസർ ശരീഫ് ആൽ മഹ്ദി പറഞ്ഞു.