തെന്മല: ശെന്തുരുണി വന്യജീവിസങ്കേതത്തിൽ പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടിപ്രദേശത്ത് ചെളിയിൽപുതഞ്ഞ കാട്ടുപോത്തിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകിട്ട് വനപാലകരുടെ സംഘം ശെന്തുരുണിയിൽ അണക്കെട്ടിനോടുചേർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് കഴുത്തൊപ്പം ചെളിയിൽ പുതഞ്ഞനിലയിൽ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനിയെ വിവരമറിയിക്കുകയായിരുന്നു. വനപാലകസംഘം രാത്രിവരെ രക്ഷാപ്രവർത്തനം നടത്തിയിട്ടും കാട്ടുപോത്തിനെ കരയ്ക്കുകയറ്റാൻ കഴിഞ്ഞില്ല.
തുടർന്ന് രാത്രി ഏറെവൈകിയും കാട്ടുപോത്തിന് സുരക്ഷയൊരുക്കിയശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനി,അസി.വൈൽഡ് ലൈഫ് വാർഡൻ സി.കെ സുധീർ,ഡെപ്യൂട്ടി റേഞ്ച് ഓഫിസർ,സന്തോഷ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയകുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിനിൽ,ആര്യ,ശ്രീരാജ്,ബൈജു,വാച്ചർമാരായ ഷിബു,അശോകൻ,രാജൻപിള്ള,താത്കാലിക ജീവനക്കാരായ സുമേഷ്,ശ്രീമോൻ,സുബ്രമണ്യൻ എന്നിവരടങ്ങുന്ന സംഘം മൂന്നുമണിക്കൂറത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കാട്ടുപോത്തിനെ കരയ്ക്കുകയറ്റി.
കഴുതുരുട്ടി ആറ് പരപ്പാറിൽ സംഗമിക്കുന്ന ഭാഗത്ത് വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്താണ് ചെളിയിൽ കുടുങ്ങിയത്. യന്ത്രസഹായത്തോടെ രക്ഷപെടുത്താൻ കഴിയാത്തതിനാൽ കാട്ടുപോത്തിൻെറ മുൻവശത്തെ ചെളിനീക്കി കാട്ടുകമ്പുകൾനിരത്തി താങ്ങിനിർത്തുകയായിരുന്നു. ചെളിയിൽ കുടുങ്ങിയെങ്കിലും കാട്ടുപോത്ത് ആക്രമിക്കാനുള്ള സാധ്യതെയും നിലനിൽക്കുന്നുണ്ടായിരുന്നു. അതിനാൽ വലിയ വടം കാട്ടുപോത്തിൻെറ കൊമ്പിൽ ചുറ്റികെട്ടി കരയിൽ ഇരുഭാഗത്തുനിന്നും വലിച്ചുകയറ്റുകയായിരുന്നു. കാലവർഷം കാര്യമായി പെയ്യാത്തതിനാൽ പത്തും ഇരുപതും കാട്ടുപോത്തുകൾ ഉൾപ്പെട്ടസംഘങ്ങൾ പുല്ലുമേയുന്നതിനും വെള്ളം കുടിക്കുന്നതിനുമായി പരപ്പാറിൻെറ തീരത്തേക്കെത്തുന്നുണ്ട്.