കൊച്ചി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി രംഗത്ത് . കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന് ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും കേസ് തീർപ്പാക്കുന്നതുവരെ മലയാള ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സംവിധായകനെ വിലക്കണമെന്നും ഡബ്ല്യുസിസി ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ സെറ്റില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് പടവെട്ട് . സണ്ണി വെയ്നാണ് നിര്‍മാതാവ്.
ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. നേരത്തെ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം സണ്ണി വെയ്നായിരുന്നു സംവിധാനം ചെയ്തിരുന്നത്.
