ന്യൂഡൽഹി: ലെജന്‍ഡ്സ് ലീഗ് കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ഗൗതം ഗംഭീറുമായുള്ള വാക്പോരാട്ടത്തിന് പിന്നാലെ ശ്രീശാന്തിന് വക്കീൽ നോട്ടീസ്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) കമ്മിഷണർ ആണ് ശ്രീശാന്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.ടി20 ടൂർണമെന്റിൽ കളിക്കുന്നതിനിടെ കരാർ ലംഘിച്ചതിന് ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഗംഭീറിനെ വിമർശിക്കുന്ന വീഡിയോകൾ നീക്കം ചെയ്താൽ മാത്രമേ ശ്രീശാന്തുമായി ചർച്ചകൾ ആരംഭിക്കൂവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
വിവാദവുമായി ബന്ധപ്പെട്ട് അംപയർമാരും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഗംഭീർ തന്നെ ‘വാതുവെപ്പുകാരന്’ എന്ന് വിളിച്ചതായുള്ള ശ്രീശാന്തിന്റെ ആരോപണം റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. സൂറത്തിലെ ലാല്‍ഭായ് കോണ്ട്രാക്ടര് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിൽ വാക്പോരാട്ടം നടന്നത്. സഹതാരങ്ങളും അമ്പയര്‍മാരും ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മിൽ ഉരസിയത്. തന്റെ ബൗളിംഗില്‍ ഒരു സിക്സും ഫോറും അടിച്ചതിന് പിന്നാലെ ഗംഭീറിനെ ശ്രീശാന്ത് തുറിച്ച് നോക്കിയിരുന്നു.
ഇതില്‍ പ്രകോപിതനായ ഗംഭീര്‍ ശ്രീയെ ‘വാതുവെപ്പുകാരന്’ എന്ന് ആവര്‍ത്തിച്ച് വിളിക്കുകയായിരുന്നു. ഒപ്പം അസഭ്യ പരാമര്‍ശം നടത്തിയെന്നും മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോകളിൽ ശ്രീശാന്ത് ആരോപിച്ചു. ഈ വീഡിയോകൾ നീക്കം ചെയ്യാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.