മനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിനോദ് കെ. ജേക്കബിനെ നിയമിച്ചു. നിലവിലുള്ള അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം. 2000ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിനോദ് കെ ജേക്കബ് നിലവിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡപ്യൂട്ടി ഹൈകമീഷണറാണ്.
ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നേരത്തേ വിദേശകാര്യമന്ത്രാലയത്തിൽ സാമ്പത്തിക നയതന്ത്ര വിഭാഗത്തിൽ ജോയന്റ് സെക്രട്ടറിയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പെർമനന്റ് മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മലയാളിയായ വിനോദ് കെ ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവന് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ചെന്നൈ ഡോ. അംബേദ്കര്‍ ലോ കോളജില്‍നിന്ന് നിയമവിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.
കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായ നംഗ്യ സി. ഖാംപയാണ് ഭാര്യ.