തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവർ നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. ധാർമ്മികതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പഠിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം ഗുരുവായ പ്രതിപക്ഷ നേതാവിനെ കുതികാൽ വെട്ടിയവനാണ് വി ഡി സതീശനെന്നും പി.വി.അൻവർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അൻവർ, സതീശന് മറുപടി നൽകിയത്. പ്രതിപക്ഷ നേതാവിൻ്റെ സഹായവും ഉപദേശവും തനിക്ക് വേണ്ടെന്നും പി വി അൻവർ എംഎൽഎ വീഡിയോയിൽ പറഞ്ഞു.
കോൺഗ്രസിന്റെ മുഴുവൻ ദേശീയ നേതാക്കളെയും കളത്തിലിറക്കി, കിട്ടാവുന്നതിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അന്ന് സതീശന്റെ ആവശ്യം താൻ നിയമസഭയിൽ വരരുതെന്നായിരുന്നു. ഇപ്പോൾ നിയമസഭയിൽ തന്നെ കാണാത്തതിൽ സതീശന് വിഷമമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്രയൊക്കെ സ്നേഹമുള്ള പഴയകാല കോൺഗ്രസ് നേതാക്കൾ ഇന്നും കേരളത്തിലുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം വർദ്ധിക്കുന്നുവെന്നും അൻവർ പറഞ്ഞു.
‘നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുന്നുവെന്നോ, ഏത് രാജ്യത്തേക്കാണ് പോകുന്നതെന്നോ കോൺഗ്രസിനോടോ ഇന്ത്യയിലെ ജനങ്ങളോടോ പറയാറില്ല. അത്തരമൊരു നേതാവിന്റെ അനുയായി ആണ് താങ്കളെന്ന് മനസ്സിലാക്കുന്നു”വെന്നും വി ഡി സതീശനെ അൻവർ വിമർശിച്ചു.