തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ ആർ എസ് എസിന്റെ അഭിപ്രായങ്ങൾക്ക് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർ എസ് എസിന്റെ ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത, ഭരണഘടനോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയ, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണ് ഭരണഘടന രാജ്യത്തിന് കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ് അവഹേളിച്ചിരിക്കുന്നത്. ഈ പരാമർശം ആർ എസ് എസിന്റേതിന് തുല്യമാണ്. ബ്രിട്ടീഷുകാർ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളതെന്നാണ് ആർ എസ് എസിന്റെ സ്ഥാപകാചാര്യനായ ഗോൾവാൾക്കറും പറഞ്ഞിട്ടുള്ളത്.

മുഖ്യമന്ത്രിയുടെയും സജി ചെറിയാന്റെയും അഭിപ്രായം സമാനമാണെങ്കിൽ സജി ചെറിയാനെ നിലനിർത്താം. അല്ലെങ്കിൽ മന്ത്രിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുക. അതുമല്ലെങ്കിൽ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കണം. ബി ആർ അംബേദ്കറെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്. ആർ എസ് എസിന്റെ മാത്രം ആശയങ്ങൾ പഠിച്ച് വരികയാണ് സജി ചെറിയാൻ. രാജിവച്ച് പുറത്തുപോയി ആർ എസ് എസിൽ ചേരുകയാണ് നല്ലത്. സംസ്ഥാന മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും ആർ എസ് എസിന്റെ സഹാത്തോടെ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കും. ആർ എസ് എസ് നേതാക്കൾ പറയുന്നതിനേക്കാൾ ആർജവത്തോടെയാണ് സജി ചെറിയാൻ അവരുടെ ആശയങ്ങൾ പറയുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റും പോളിറ്റ് ബ്യൂറോയും സിപിഎം നേതൃത്വവും എന്താണ് പറയുന്നതെന്ന് കേൾക്കാൻ കാത്തിരിക്കുകയാണ്. എന്നും വി ഡി സതീശൻ പറഞ്ഞു.
