തിരുവനന്തപുരം: തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നിയമസഭയിലെ കോൺഗ്രസിന്റെ ആദ്യ എം എൽ എ കൂടിയാണ് ഉമ തോമസ്. നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താനാണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.
രാവിലെ 11.30 ന് സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ പൂച്ചെണ്ട് നൽകി ഉമോ തോമസിനെ അഭിനന്ദനം അറിയിച്ചു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമ തോമസ് പങ്കെടുക്കും. 72767 വോട്ടുകള്‍ നേടി ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പിടി തോമസിന്റെ നിലപാടുകള്‍ കണ്ടാണ് താന്‍ പഠിച്ചതെന്നും അത്തരം നിലപാടുകള്‍ പിന്തുടര്ന്ന് മുന്നോട്ട് പോകുമെന്നും ഉമാ തോമസ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ജനങ്ങളുടെ ആഗ്രഹങ്ങള്‍ മാനിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.
