തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപ്പര്യം അറിയിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഈ മേഖലയിൽ ബ്രിട്ടനുമായുള്ള സഹകരണത്തിന് വളരെയധികം സാധ്യതകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കൂടിക്കാഴ്ചയിൽ സൗത്ത് ഏഷ്യാ ട്രേഡ് കമ്മീഷണർ അലൻ ജെമ്മൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.