കംപാല: സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കി ഉഗാണ്ട. പാർലമെന്റ് അംഗീകരിച്ച പുതിയ നിയമപ്രകാരം സ്വവർഗാനുരാഗിയായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഉഗാണ്ട ഉൾപ്പെടെ 30 ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വവർഗരതി ഇതിനകം നിരോധിച്ചിട്ടുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ (എൽജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യത്തെ നിയമമാണ് ഉഗാണ്ട പാർലമെന്റ് പാസാക്കിയിരിക്കുന്നത്.
വൻ പിന്തുണയോടെയാണ് ബിൽ ചൊവ്വാഴ്ച പാർലമെന്റിൽ പാസാക്കിയത്. എന്നാൽ പ്രിസിഡൻ്റ് ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകൂ. അതേസമയം, പ്രസിഡന്റിന് ബില്ലിനോട് എതിർപ്പ് പ്രകടിപ്പിക്കാം.
സ്വവർഗ്ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ വിവരം ലഭിച്ചാൽ അവർ അധികാരികളെ അറിയിക്കണം. കുട്ടികളെ സ്വവർഗരതിക്ക് പ്രേരിപ്പിക്കുകയോ കടത്തിക്കൊണ്ട് പോവുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവും ബിൽ വ്യവസ്ഥ ചെയ്യുന്നു.