
കൽപ്പറ്റ :മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ യുഡിഎഫ് രാപ്പകൽ സമരം തുടങ്ങി. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് രാപ്പകൽ സമരം. പുനരധിവാസം വൈകിപ്പിച്ചാൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും എന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.
യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും എന്ന് അറിയിച്ച പുനരധിവാസം ഏഴ് മാസമായിട്ടും തുടങ്ങാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പട്ടിക തയ്യാറാക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞില്ലെന്നും 300 രൂപ ദിനബത്ത മൂന്ന് മാസം കൊണ്ട് നിർത്തിയെന്നും ടൗൺഷിപ്പിന്റെ കാര്യത്തിൽ ഇപ്പോളും ആശയക്കുഴപ്പം തുടരുകയാണെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്ന ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തുടർ ചികിത്സയിലും ഗുരുതര അലംഭാവം തുടരുകയാണ്.
സർക്കാർ നീക്കി വെച്ച 5 ലക്ഷം രൂപ പരിക്കേറ്റവർക്ക് തുടർ ചികിത്സയ്ക്ക് തികയില്ലെന്നും എംഎൽഎ ആരോപിച്ചു. ദുരിതബാധിതരുടെ ലോണുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതല്ലാതെ ലോൺ എഴുതിതള്ളുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. തിരച്ചിൽ നിർത്തിയെങ്കിലും മരണം ഡിക്ലയർ ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയില്ല. ദുരന്തബാധിതരുടെ പുനരധിവാസം ഔദാര്യം അല്ല. അവകാശം ആണെന്നും ടി സിദ്ദിഖ് പറഞ്ഞു. രാവിലെ പ്രധാന യുഡിഎഫ് നേതാക്കളെ ഉൾപ്പടെ ഉൾക്കൊള്ളിച്ച് കളക്ട്റേറ്റ് വളയുമെന്നും ടി സിദ്ദിഖ് പറഞ്ഞു. പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ദുരിതബാധിതർ ചൂരൽമലയിലും കളക്ട്രേറ്റിനുമുന്നിലും സമരം നടത്തിയതിന് പിന്നാലെയാണ് യുഡിഎഫ് സമരം.
