കോഴിക്കോട്: വികലാംഗ പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയതോടെ തൂങ്ങിമരിച്ച വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി യുഡിഎഫ് ജനപ്രതിനിധികൾ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹവുമായി സമരക്കാർ കലക്ടറേറ്റിലെത്തിയത്. ‘പിണറായി സർക്കാർ മരിച്ചിരിക്കുന്നു’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം. എം.കെ.രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് എം.കെ.രാഘവൻ പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് അഞ്ചാം വാർഡ് മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് (77) ആണ് ഇന്നലെ ഉച്ചയോടെ വീടിനു മുന്നിൽ തൂങ്ങിമരിച്ചത്. കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടും മുടങ്ങിയ പെൻഷൻ തുക ലഭിച്ചിരുന്നില്ല. പെൻഷൻ ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. തനിക്കും ഭിന്നശേഷിക്കാരിയായ മകൾ ജിൻസിക്കും സർക്കാരിൽ നിന്നുള്ള പെൻഷൻ മുടങ്ങിയതായി കാണിച്ച് നവംബറിൽ ജോസഫ് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്നും പരാതിയിൽ പറഞ്ഞിരുന്നു. കലക്ടർക്കും പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർക്കും ഇതേ പരാതി നൽകിയിരുന്നു. വടിയുടെ സഹായമില്ലാതെ നടക്കാൻ കഴിയാത്ത ജോസഫ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾ ജിൻസി സാന്ത്വന പരിചരണ കേന്ദ്രത്തിലാണ്. സ്വന്തമായുള്ള ഒരേക്കർ ഭൂമിയുടെ പട്ടയത്തിനു വേണ്ടിയും വർഷങ്ങളായി ജോസഫ് അലയുകയായിരുന്നു. പെൻഷൻ മുടങ്ങിയതോടെ പലരിൽ നിന്നും കടം വാങ്ങി സാമ്പത്തിക ബാധ്യതയും ഉണ്ടായി.