ദുബൈ: ആഡംബര കാറുകളിൽ ദുബൈ കിരീടാവകാശിയുടെ ചിത്രം പതിപ്പിച്ചു യുഎഇയുടെ 49 -ആം ദേശീയ ദിനം അഘോഷിക്കുകയാണ് മലയാളിയായ ഇക്ബാൽ ഹത്ബൂർ. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വർഷവും ഇദ്ദേഹം കാർ അലങ്കരിക്കുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇദ്ദേഹം ഇത് തുടരുന്നു. ഇത്തവണ യുഎഇ ദേശീയ ദിനത്തിൽ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രങ്ങൾ പതിപ്പിച്ച റോൾസ് റോയ്സ് കാറുമായാണ് ഇക്ബാൽ ദുബൈ നിരത്തിലിറങ്ങുന്നത്. ഷെയ്ഖ് ഹംദാൻ ഒട്ടകപ്രേമിയായതിനാൽ ഒട്ടകത്തിന്റെ ചിത്രങ്ങളും കാറിൽ പതിപ്പിച്ചിട്ടുണ്ട്.
കാസർകോഡുകാരനാണ് ഇക്ബാൽ ഹത്ബൂർ. അദ്ദേഹത്തിന്റെ സുഹൃത്തും കാസർകോഡു സ്വദേശിയുമായ ഇസ്മായിലാണ് ഇതിന്റെ ഡിസൈൻ ചെയ്തത്. നാലു മാസമെടുത്തതാണ് ഡിസൈനും മറ്റു കാര്യങ്ങളും പൂർത്തിയാക്കിയത്. ദുബൈ എങ്ങനെയാകണമെന്നുള്ള ഷെയ്ഖ് ഹംദാന്റെ കാഴ്ചപ്പാടാണ് ഇസ്ലാമിക് കാലിഗ്രാഫിയിൽ ചെയ്തിരിക്കുന്നത്. ദുബൈ പോലീസിന്റെ കറുകൾക്കൊപ്പം ഇക്ബാൽ ഹത്ബൂർ തന്റെ കാർ നിരത്തിലോടിച്ചു ദേശീയ ദിനാഘോഷം ഗംഭീരമാക്കി. ഇത്തവണ കോവിഡിനെ തുടർന്ന് വലിയ രീതിയിലുള്ള ഓദ്യോഗിക ആഘോഷങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.