സേലം: ധർമപുരി നല്ലപ്പള്ളിക്ക് സമീപം ഭൂതനഹള്ളിയിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ നെവിൽ ഗ്രിഗറി ക്രൂസ്(58) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച
ഉച്ചയോടെ കണ്ടെത്തുന്നത് .

ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയിൽ ധർമപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ വനമേഖലയിലുള്ള ക്രഷർ യൂണിറ്റിനുസമീപം രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവർ വന്ന കാറുമുണ്ട്. കാറിൽനിന്ന് മൂന്ന് മൊബൈൽ ഫോണും പഴ്സും കണ്ടെത്തി. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാവാനും സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.
