ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എർദോഗനെതിരേ 2016ല്‍ നടത്തിയ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാംമത പ്രഭാഷകനും ബിസിനസുകാരനുമായ ഫത്തഹുല്ലാ ഗുലനെ ഉപയോഗിച്ചാണ് യുഎസ് സൈനിക അട്ടിമറി വിഭാവനം ചെയ്തെന്നും ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്ലു തുര്‍ക്കി ദിനപത്രമായ ഹൂറിയത്തിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. അട്ടിമറി ശ്രമം യുഎസ് നിയന്ത്രിച്ചതായും വാഷിങ്ടണിന്റെ ഉത്തരവ് പ്രകാരം ഫത്തഹുല്ലാ ഗുലന്റെ ശൃംഖല ഇത് നടപ്പിലാക്കിയതായും സുലൈമാന്‍ സോയ്ലു ആരോപിച്ചു.
അതേസമയം, സോയിലുവിന്റെ ആരോപണം അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് പ്രതികരിച്ചു. നാറ്റോ സഖ്യത്തില്‍ അമേരിക്കയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധത്തിന് തുര്‍ക്കി ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് ഇടയിലാണ് പുതിയ വിവാദങ്ങള്‍. ഗുലനെ കൈമാറണമെന്ന് തുര്‍ക്കിയുടെ ആവശ്യം അമേരിക്ക പരിഗണിച്ചിട്ടില്ല. കൈമാറാന്‍ തക്കതായ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലില്ലെന്നാണ് അമേരിക്കയുടെ വാദം. 1999 മുതല്‍ ഗുലന് യുഎസിലാണ് താമസം. 2016 ജൂലൈ 15നാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നത്. യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ടാങ്കുകളുമായെത്തി പട്ടാളക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിദേശത്തായിരുന്ന എർദോഗൻ ഉടന്‍ നാട്ടില്‍ തിരിച്ചെത്തി ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുകയും ജനകീയമായി പട്ടാള അട്ടിമറിയെ തുര്‍ക്കി പരാജയപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെടെ 251 പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഫത്തഹുല്ലയുടെ അനുനായികള്‍ക്കെതിരെ കര്‍ശന നടപടികളാണ് തുര്‍ക്കി സ്വീകരിച്ചുവരുന്നത്.