
കോഴിക്കോട്: കായികതാരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിശീലകൻ പോലീസ് പിടിയിൽ. ടോമി ചെറിയാനെയാണ് കോഴിക്കോട് തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകനാണ് ടോമി ചെറിയാൻ. പുതുതായി സ്പോട്സ് അക്കാദമി ആരംഭിച്ചിരുന്നു. വിദ്യാർത്ഥിനിയെ അഡ്മിഷൻ എടുക്കാൻ വേണ്ടി നിരന്തരമായി സമ്മർദ്ദം ചെലുത്തി. എന്നാൽ ഇതിന് വഴങ്ങാതെ വന്നപ്പോൾ വിദ്യാർത്ഥിനിയേയും വിദ്യാർത്ഥിനിയുടെ അമ്മയേയും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിയുടെ നഗ്നചിത്രം തന്റെ കൈയിലാണെന്നും ഇതുപ്രചരിപ്പിക്കുമെന്നും ടോമി ചെറിയാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തിരുവമ്പാടി പോലീസിന്റെ കസ്റ്റഡിയിലാണ് ടോമി ചെറിയാൻ.
മുക്കത്തെ പ്രധാനപ്പെട്ട സ്കൂളിൽ കായിക അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് അവിടെ നിന്ന് റിട്ടയർമെന്റ് വാങ്ങി പുതുതായി ഒരു അക്കാദമി തുടങ്ങുകയായിരുന്നു. ഈ അക്കാദമിയിലേക്ക് പെൺകുട്ടിയെ എത്തിക്കാൻ വേണ്ടിയായിരുന്നു വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം.
