ടോക്യോ: പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. എഫ് 64 പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുമിത് അന്റില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ നേട്ടം എറിഞ്ഞെടുത്തു.
68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളില്‍ മൂന്നെണ്ണവും ലോക റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്റെ ശ്രമങ്ങള്‍.
പാരാലിംപിക്സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് അവനിയുടേയും സുവര്‍ണ നേട്ടം. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി ലെഖാര.