തൃശ്ശൂര്‍: പുത്തന്‍പീടികയില്‍ നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് സംഘത്തിന് നേരേ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ അന്തിക്കാട് പോലീസ് ബലംപ്രയോഗിച്ചാണ് സിയാദിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പുത്തന്‍പീടികയിലെ കള്ളുഷാപ്പിന് മുന്നില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ച് ലക്കുക്കെട്ട സിയാദ് നടുറോഡില്‍ പരാക്രമം കാണിക്കുന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍, സ്ഥലത്തെത്തിയ പോലീസ് സംഘത്തോടും ഇയാള്‍ കയര്‍ത്തു. പോലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന പ്രതി, പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ 32 കേസുകളില്‍ പ്രതിയാണെന്ന് വീരവാദം മുഴക്കിയ പ്രതി, വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ എന്ന് ചോദിച്ചാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. ഇതിനുപുറമേ തുടര്‍ച്ചയായി അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചതോടെയാണ് കത്തിവീശിയത്. ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട സിയാദ്, തൃശ്ശൂര്‍ പാവറട്ടി സ്റ്റേഷനില്‍ മാത്രം 32 ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയായ ഇയാളെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതിന്റെ കാലയളവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച വൈകിട്ട് അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Trending
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
- ‘ചോദ്യപ്പേപ്പർ ചോർന്നു’: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു
- നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ
- മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
- കണ്ണൂരിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്തു
- അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു