വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തിൽ അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
തനിക്ക് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ഭീഷണിയുണ്ട്. കെ.കെ. രമക്കും ഭീഷണി കത്ത് വന്നിരിക്കുന്നു. മാഫിയകളെ കൊടി സുനിയും ഷാഫിയുമാണ് നിയന്ത്രിക്കുന്നത്. ഭീഷണിക്കത്ത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.
അതിനാൽ അന്വേഷണം മറ്റൊരു ഏജൻസിക്കു കൈമാറണമെന്നാണ് തിരുവഞ്ചൂർ ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂൺ അവസാനമാണ് ഭീഷണി കത്ത് കിട്ടിയത്. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നായിരുന്നു കത്തിലെ ഭീഷണി. തിരുവഞ്ചൂരിനോട് വിരോധമുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണ് കത്തയച്ചതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് അന്നേ പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികളാണ് ഇവർ.
കത്തിലുള്ളത് വടക്കൻ ജില്ലക്കാരുടെ ഭാഷയാണെന്നും വീണ്ടും ജയിലിലേക്ക് പോകണമെന്ന തരത്തിലാണ് കത്തിൽ എഴുതിയിട്ടുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ടിപി കേസിൽ ഒരാൾ ജാമ്യത്തിലും ഒരാൾ പരോളിലുമുണ്ട്.
ഭാഷയും ശൈലിയും വരികൾക്കിടയിലെ അർത്ഥവും നോക്കിയാൽ ഇവരല്ലാതെ വേറെയാരേയും സംശയിക്കാനില്ല. തനിക്ക് സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിൻ്റെ ഉറവിടം കണ്ടെത്താൻ സർക്കാർ തയ്യാറാവണമെന്നും കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.
