തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സർക്കാർ അനുമതിയില്ലാതെ ഏറ്റെടുത്തതിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ.സിസ തോമസ് മറുപടി നൽകി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഗവർണറുടെ നിർദേശപ്രകാരമാണ് കെ.ടി.യു ഇടക്കാല വി.സി സ്ഥാനം ഏറ്റെടുത്തതെന്നും മറുപടിയിൽ പറയുന്നു.
അധിക ചുമതലയാണ് വഹിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. വ്യാഴാഴ്ചയ്ക്ക് മുമ്പ് മറുപടി നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിനാണ് നോട്ടീസ് നൽകിയത്. നടപടി കേരള സർവീസ് ചട്ടങ്ങളുടെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ഈ മാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.